പറയണമെന്നുണ്ടായിരുന്നെനിക്ക്
പക്ഷെ ഞാന്‍ തടവുകാരനാണ്
എന്‍റെ തന്നെ വാക്കുകളുടെ.
ഇതുവരെ ഉച്ചരിക്കപ്പെടാത്ത വാക്കിന്‍റെ മൌനത്തില്‍
നിറയുന്ന കണ്ണും തുടിക്കുന്ന ഹൃദയവും
ദുഷ്ട്ടനാം നിശബ്ദതയുടെ
കരങ്ങളില്‍ കിടന്നു പിടയുന്നു...
പറയാന്‍ വാക്കുകള്‍ ഒന്നും ശേഷിക്കുന്നില്ല
പറഞ്ഞതും പറയാതിരുന്നതും
പറയേണ്ടതായിട്ടുള്ളതും ഒന്നു തന്നെ
അവ പറയുമ്പോള്‍ എന്നും മാറുകയാണ് .
നല്ലതേ പറയാവൂ എന്ന് വിസ്വസിക്കുന്നതുകൊണ്ടാണോ
ഏതു ചീത്ത വാക്ക് പറഞ്ഞാലും
അത് നല്ലതാണെന്ന് തോന്നാനാവശ്യമായ
ന്യായങ്ങള്‍ ഉടനെത്തന്നെ
തന്നില്‍ നിന്നു തന്നെ കിട്ടുന്നത്?
വാക്കുകളുടെ അളവു കോലുകളുടെ നീളം ശാശ്വതമോ?
ആകെ ഒരു വാക്കേയുള്ളൂ പറയാന്‍,
അതൊരു പാഴ് വാക്കായാലോ?
ആ വാക്ക് പറയാനുള്ള ഒരുക്കത്തിനിടയില്‍
മറന്നു പോവുകയോ?
പറഞ്ഞ വാക്കുകളുടെ ഊഷ്മളതയെ കുറിച്ചു
ഓര്‍ത്തു ഊറ്റം കൊള്ളാനല്ല
മറിച്ചു,
പറയാത്ത വാക്കിന്റെ അഭാവത്തെ കുറിച്ചോര്‍ത്തു
ഖേദിക്കാനാണനിക്കിഷ്ട്ടം.
ഒന്നിനെ കുറിച്ചും പറയാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ മാത്രമാണ്
ഞാന്‍ സ്വതന്ത്രനാവുന്നത്.
.....................................
'ഹ്രദയം മീട്ടാതിരിക്കൂ കൂട്ടുകാരാ
നീയാണെന്‍റെ ലോകം
എന്നെ വിട്ടു നീ പോകരുതേ'
മൌനം വാചാലതയോട് പറയുന്നത് ഞാന്‍ കേള്‍കുന്നു...
നിശ്ശബ്ദതയുടെ ചില്ലയില്‍
നിശ്വാസ്വം മഞ്ഞായി വീണു ചിതറുമ്പോള്‍
ഹ്രദയം വിതുമ്പുമ്പോള്‍
പ്രിയ വാക്കേ,
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ്.